Friday, June 25, 2010

പ്രണയത്തിന്റെ നാള്‍ വഴികള്‍

അവളുടെ സൗന്ദര്യത്തില്‍ നിന്നായിരുന്നു അയാളവളുടെ കാമുകനായത് .അവളുടെ മധുര മൊഴികല്ക്  ഈണം  നല്‍കി ആണ്  അയാള്‍ ഒരു ഗായകനായത് .അവളുടെ ഏകാന്തതയുടെ ആഴം അളന്നാണ് അയാള്‍ മനശാസ്ത്രജ്ഞാനായത് .
അവളുടെ ചിരിമുത്തുകള്‍ പൊറുക്കി അയാള്‍ ഒരു ചിന്തകനായി .അവളുടെ കണ്ണില്‍ നിന്ന് വീണ കണ്ണു നീരില്‍ നിന്ന്  അയാള്‍ ഒരു കവിയായി .അവളുടെ അധരശോണിമ ഒപ്പിയെടുത്ത്‌ അയാള്‍ ഒരു ചിത്രകാരനായി .അവളുടെ നെറ്റിയിലെ സിന്ദൂരത്തിന്റെ സൂര്യോദയവും അവളുടെ മാറിലണിഞ്ഞ നെടുവീപ്പിന്റെ തിരമാലകളും അയാളെ ഒരു കാല്പനികനാക്കി . കേശഭാരത്തിലെ  കുടമുല്ല പൂക്കള്‍ കണ്ടപ്പോള്‍ അയാളൊരു സ്വപ്നജീവിയായി. അയാളുടെ പ്രണയ പാരവശ്യങ്ങള്‍ക്ക്  മറുപടി എഴുതി   അയാളൊരു ബുദ്ധിജീവിയായി. അയാളുടെ കാത്തിരിപ്പിന്റെ കനലെരിഞ്ഞ കരിയില്‍ നിന്നും കണ്മഷിയിട്ട അവളുടെ കണ്ണുകള്‍ക്ക് കരുണയും കാഴ്ചയും നഷ്ട്ടപെട്ടപ്പോള്‍ അയാളൊരു ഭ്രാന്തനായി.
എന്നിട്ടും അയാള്‍ തൃപ്തനായില്ല. ഒടുവില്‍ തന്റെ വ്രണപുഷ്പ്പം ഇറുത്തെടത്ത്‌ പ്രണയിനിയുടെ പാദങ്ങളില്‍ അര്‍പ്പിച്ചപ്പോള്‍ അയാള്‍ ജഡമായി.അനന്തതയിലേക്ക് ചിറകടിച്ചുയര്‍ന്ന ആ  ആത്മാവ് കല്പ്പ  വൃക്ഷത്തിന്റെ പൊന്നോല തുമ്പില്‍ ഒരു തുക്കനാം കുരുവിയെപോലെ കൂടുകൂട്ടി, കൂടിനകത്ത്‌ നിന്നും നീട്ടി നീട്ടി വിളിച്ചു തന്റെ പ്രണയിനിയെ.പക്ഷെ അയാളുടെ ശബ്ദം പ്രബഞ്ചത്തിലെവിടെയോ  നഷ്ട്ടപെടുകയായിരുന്നു.

Thursday, June 24, 2010

ആദ്യ വിദ്യാലയം

ഉണ്ടായിരുന്നിവിടെ ഒരു  വിദ്യാലയം
അറിവിന്‍ വിഹായസില്‍ വിഹരിക്കാന്‍
ആദ്യമായ് ചിറകുകളേകിയ വിദ്യാലയം,
എന്‍ അരുമയാം വിദ്യാലയം. 

ഉങ്ങ് മരങ്ങളുടെ തണലില്‍
പിച്ച വെച്ചു ഞാന്‍ അക്ഷര ലോകത്തിലേക്ക്‌ .
കിളികളുടെ കലകളാരവത്തിന്‍ താളത്തിനൊത്ത്
പടിപ്പടിച്ചു ഈരടികള്‍ ഞങ്ങള്‍.

തെച്ചിപ്പഴങ്ങളും  കാട്ടു പഴങ്ങളും  വെള്ളത്തണ്ടും
തുട്ടു പെന്‍സിലിനു വിറ്റൊരു കാലം.
ചിത്രശഭങ്ങളുടെ  കനക കൂടുകള്‍ 
തേടിയലഞ്ഞന്നു കുറ്റികാട്ടിലും പൊന്തയിലും.

അപ്പുറത്തെ തൊടികയിലെ മാവിലെ
കണ്ണിമാങ്ങകള്‍ കട്ട് തിന്നതും,
 പൊന്തകള്‍  കെട്ടി തുമ്പികളെ പിടിച്ചു
നൂലില്‍ കെട്ടി വിട്ടതും ഇവിടത്തോര്‍മകള്‍.

കുറുക്കനും കോഴിയും, കള്ളനും പോലീസും,
കുട്ടിം കോലും, സാറ്റും കളിച്ചതും
പൊന്തക്കാട്ടിലും  കുണ്ടന്‍ തോട്ടിലും
കളി വീടുകള്‍ കെട്ടി,
മണ്ണ് കൊണ്ട് ചോറും പൂക്കള്‍ കൊണ്ട് കറിയും
പൊടുവണ്ണിയിലയില്‍ വിളമ്പി
അച്ഛനുമമ്മയും കളിച്ചതും ഇവിടെത്തന്നെ

ഇന്ന് ,
ലാഭ നഷ്ട്ട കണക്കുകള്‍ തൂക്കവേ
നഷ്ട്ടാത്തിലാണത്രേ വിദ്യാലയം
വിദ്യാലയത്തിനു പകരം തീപ്പട്ടി  കമ്പനി വന്നു
അക്ഷരത്താളുകല്കു    പകരം ഈട്ടിചീളുകള്‍ നിരന്നു
കിളിക്കൂടുകള്‍  പോയി  തീപ്പട്ടി കൂടുകള്‍ നിറഞ്ഞു
ഇപ്പോള്‍ അവിടത്തെ തീപ്പട്ടി കമ്പനി
വന്‍ ലാഭത്തിലാണത്ര.